പ്രഭാതത്തിലെ മഴത്തുള്ളികൾ. ചേമ്പിലത്തുമ്പിലെ മുത്തുകണികകൾ. പറവകളുടെ നാദസ്വരം. സൂര്യന്റെ ജലകണികകൾ പോലുള്ള മഴവില്ല് പ്രകാശം. ഇതെല്ലാം അവളെ വർണ്ണലോകത്തേക്ക് കൂട്ടി കൊണ്ടു പോകുന്നു. കാടിനുള്ളിലേക്ക് സ്വപ്ന എന്ന കൂട്ടുകാരിയെ ഇളം കാറ്റ് ആനയിച്ചു. അവൾ പ്രകൃതിയിലേക്ക് ഇറങ്ങി ചെന്ന് അവയോട് ഇണങ്ങി ചേർന്ന് സ്വപ്ന സ്വർഗ്ഗമാർന്ന ലോകം ആസ്വദിച്ചു കണ്ടു. മഴക്കാറുകൾ പോലെയുള്ള കാടിനുള്ളിലെ ഇരുട്ടിലേക്ക് നാദസ്വരം കിലുക്കി, കുയിലുകളുടെ ശബ്ദം കാട്ടി പറവകൾ അവളെ വരവേറ്റു. അവിടെ കണ്ട കാഴ്ചകൾ അവളുടെ ഹൃദയത്തിൽ സ്പർശിപ്പിച്ചു. പീലി വിടർത്തിയ മയിലുകളുടെ നൃത്ത സാഗരം, കുയിലുകളുടെ കൂകൂ വിളി സ്വരം, മാനുകളുടെ ആഹാരം തേടിയുള്ള കുതിച്ചു ചാട്ടം, വൃക്ഷങ്ങളുടെ കലപില, ഇലകളുലരസിയ ശബ്ദങ്ങൾ. എല്ലാം അവളെ വളരെയേറെ അതിശയിപ്പിച്ചു, അവിടെ സ്വപ്നയും സ്വപ്നലോകത്തിലെന്ന് പോലുള്ള ജീവജാലങ്ങളും.

 വാടാതെ നിൽക്കുന്ന പൂക്കളുടെ തലോടൽ സ്വപ്നയുടെ ഹൃദയത്തെ തലോടി. തണുത്തുറഞ്ഞ് ഒഴുകുന്ന പുഴയുടെ നാദം അവളുടെ കേൾവിയുടെ സ്പന്ദനം കൂട്ടി. വാക്കുകളുടെ ആശയം പോലെ അവൾ കാടിനുള്ളിലേക്ക് ഇറങ്ങി ചെന്നു. എതിരെ വന്ന ഒരു സുന്ദരിയായ മുയൽ അവളോട് ആശയ വിനിമയം നടത്തുന്നു. തികച്ചും 'ആലിസ് ഇൻ വണ്ടർലാന്റിലെ ആലീസിന്റെ അനുഭവം അവളിൽ ഉണ്ടാക്കി. മുയലിനോട് അവൾ ഒരുപാട് സംസാരിച്ചു. കാടിനുള്ളിലെ ഭംഗിയോട് അവർ രണ്ടു പേരും ചേർന്നു. അതിനു ശേഷം ഒരു പ്രകാശം അവളെ വനത്തിന്റെ ഉള്ളിലേക്ക് ക്ഷണിച്ചു. അവൾ അവിടേക്ക് നടന്നു നീങ്ങുന്നു. പെട്ടെന്നാണ് അവളെ ഞെട്ടിച്ചു കൊണ്ട് ശബ്ദം. 'മോളേ സമയം ഒരുപാടായി നിനക്ക് സ്കൂളിൽ പോകണ്ടേ ? എഴുനേൽക്കുന്നില്ലേ?

ഞെട്ടിയുണർന്ന അവൾ കണ്ടത് വീടിനുള്ളിലെ നാലു ചുറ്റുമുള്ള ചുമരുകൾ. വർണ്ണ സ്വപ്ന ത്തിലേക്ക് പോയ അവളെ യഥാർത്ഥ ലോകത്തിലേക്ക് നയിച്ചത് അവളുടെ അമ്മയാണ്. ശരിക്കും 'ആലീസ് ഇൻ വണ്ടർലാന്റിലെ ആലീസിനെ പോലെ സ്വപ്ന അത്ഭുത ലോകത്തിലേക്ക് കുറച്ചു സമയം പോയതറിഞ്ഞ് അവളുടെ മുഖം വിസ്മയം കൊണ്ട് നിറഞ്ഞു. ഇതാണ് 'വിസ്മയ ലോക'മെന്ന് അവൾ തിരിച്ചറിഞ്ഞു. ഇവിടം സ്വർഗ്ഗമാണന്നൊന്നുമല്ല. എന്നാൽ എന്റേയും നിങ്ങളുടെയുമൊക്കെ ചെറിയ ജീവിതത്തിൽ ഇവിടം എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നു തന്നെയാണ്. നാളെകളിൽ ഓർത്തോർത്ത് ചിരിക്കാൻ ഒരുപാട് നല്ല ഓർമ്മകൾ തന്ന ഇടം.

പണിതുകെട്ടിയ മതിലുകൾക്കുള്ളിൽ ആകാശംമുട്ടെ പറക്കാൻ കൊതിക്കുന്ന ഒരുപാട് മനസ്സുണ്ട്. അവരുടെ പൊട്ടിച്ചിരികളും കിന്നാരങ്ങളും സൗഹൃദങ്ങളുമൊക്കെ പടർന്നു കയറുമ്പോഴാണ് മതിലുകൾ ജീവൻ വക്കുന്നത്. കൂടെ കൂടിയും കുടെ കൂട്ടിയും നമ്മൾ ഒരുപാട് പേരോട് കൂട്ടുകൂടി. കൂട്ടുകാർ തന്നെയാണ് നമ്മളിൽ പലരുടേയും ഇന്നുള്ള ആകെ സമ്പാദ്യം. ചങ്കിനു ചങ്കായി കൂടെ നിൽക്കുന്ന സൗഹൃദങ്ങളാണ് ഇവിടം സന്തോഷമാക്കുന്നത്. ലഹരിയുടെ കെട്ട് തലക്കുപിടിച്ചതു കൊണ്ടാണ് ക്യാമ്പസിനെ കെട്ടിപ്പുണർന്നു നിൽക്കാൻ തോന്നിക്കുന്നതും, നാളെ നാളെ നമ്മളൊക്കെ നാല് വഴിക്ക് പോകേണ്ടവരാണ്. അപ്പോൾ ഇവിടെ നമ്മുടെ ഓർമ്മകൾ കുറെക്കാലം കൂട്ടിനുണ്ടാകും. പിന്നെ എപ്പോഴെങ്കിലും പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ദുരെ നിന്ന് സൗഹൃദങ്ങൾ കൈവീശി കാണിക്കും അപ്പോഴും നമ്മെ ഒന്നിപ്പിച്ച ക്യാമ്പസ് നമ്മളേയും കാത്ത് ഇവിടെ ഉണ്ടാകും.

ഒരുപാട് പ്രണയങ്ങൾ കണ്ടിട്ടുണ്ട്. ഒട്ടനവധി സമരങ്ങൾ കണ്ടു. നേതാക്കളെ കണ്ടു. തെരഞ്ഞെടുപ്പുകൾ കണ്ടു. മുഷ്ടി ചുരുട്ടി വാനിലേക്കുയർത്തിയുള്ള മുദ്രാവാക്യം വിളികൾ കണ്ടു. സ്റ്റേജുകളെ ഭയമായി കണ്ടിരുന്നവർ കഴിവുകൾ കൊണ്ട് സ്റ്റേജുകളെ കളിമേടകളാക്കി. ഇവിടെ നിന്ന് നേടാനുള്ളതിന്റെ കഥകളാണ് എല്ലാവർക്കും പറയാനുള്ളത്. എനിക്കു പറയുവാനുള്ളത് നേടിയതിന്റെ കഥകളാണ്. ജീവിതം മുഴുവൻ അടുത്തും അകലെയുമായി ഒപ്പമുണ്ടാക്കാൻ ഒരു പിടി സൗഹൃദങ്ങൾ. വിപ്ലവം കൊണ്ട് രചിച്ച വിജയകഥകൾ. തള്ളും പൊള്ളും തിരിച്ചറിയാൻ പഠിച്ചു. നേടിയതിനേക്കാൾ നേടാനേറെ ഉണ്ടെന്നു കൂടി ഇവിടം എന്നെ പഠിപ്പിച്ചു.

കാലിൽ കിടന്ന് തുരുമ്പിച്ച തുടങ്ങിയ ചങ്ങലയുടെ കണ്ണികൾ അവന്റെ കാലുകളിൽ കാലങ്ങൾ പഴക്കമുള്ള മുറിവുകൾ സമ്മാനിച്ചിരുന്നു, പഴുത്ത് പൊട്ടി ദ്രവം പൊട്ടിയൊഴുകി. വൃണമായി മാറിയ തന്റെ കാലുകൾ അവൻ ഇടക്കിടെ പതുക്കെ തലോടുന്നത് ദൃശ്യമായിരുന്നു. കീറി തുടങ്ങിയ വൃത്തിഹീനമായ, ബട്ടനുകൾ എന്നോ പൊട്ടിപോയ ഒരു ഷർട്ട് അവന്റെ ദേഹത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്നുണ്ടായിരുന്നു, കരി പിടിച്ചപോലെ കറുത്തിരുന്ന ഒരു പാന്റ്സ് ഒറ്റനോട്ടത്തിൽ തന്നെ ഭ്രാന്തനാണെന്ന് അവന്റെ രൂപം വിളിച്ചോതുന്നുണ്ടായിരുന്നു.

ആർത്തിയോടെ ഒരു വീപ്പയിലേക്ക് കൈകൾ ഇടുമ്പോൾ കണ്ണുകളിൽ എന്തിനോ വേണ്ടിയുള്ള പ്രതീക്ഷ തിളങ്ങുന്നുണ്ടായിരുന്നു. ആരോ വലിച്ചെറിഞ്ഞ എച്ചിലിലകൾ കൈകൾകൊണ്ട് കോരിയെടുക്കുമ്പോൾ കറപിടിച്ച് അവന്റെ വൃത്തിഹീനമായ പല്ലുകൾ കാണിച്ച് പുഞ്ചിരിച്ചു.
പണ്ട് നാടിന്റെ ഭാഗമായിരുന്നു അവർ, നിറഞ്ഞ പുഞ്ചിരിയും വിടർന്ന കണ്ണുകളും ഉള്ള ഒരു സുന്ദരിയും അവൾക്കൊപ്പം തമാശകൾ പറഞ്ഞും സന്തോഷവും ദു:ഖവും പങ്കുവെച്ചും നടന്ന് ഒരു ഇരുപതു വയസ്സുകാരനും, പ്രണയം എന്ന് ഒരുനാട് മുഴുവൻ പറഞ്ഞിരുന്നപ്പോഴും തുറന്ന സൗഹൃദത്തിനപ്പുറം പ്രണയമെന്ന വികാരം ഒരിക്കലും അവർക്കിടയിൽ വിരിഞ്ഞിരുന്നില്ല. യഥാർത്ഥ സൗഹൃദം എന്തെന്നവർ മറ്റുള്ളവർക്ക് പറഞ്ഞു നൽകിയിരുന്നു. പ്രഭാതത്തിന്റെ പുതിയ കിരണങ്ങൾ വരവേറ്റത് അവളുടെ ജീവസറ്റ ശരീരത്തേയും ചങ്ങലയാൽ ബന്ധിതമായ അവന്റെ കൈകളേയുമായിരുന്നു

കാപട്യം നിറഞ്ഞ ലോകത്തോട് വിടപറഞ്ഞവൾ പുതിയ ലോകത്തേക്ക് പോയിരുന്നു, കാപട്യങ്ങൾ മനസ്സിലാക്കാൻ ഇനിയെങ്കിലും തിരികെ വരുവാൻ അവന്റെ മനസ്സും സമ്മതം നൽകിയിരുന്നില്ല. തെറ്റുകാർ മാന്യമായി പ്രസംഗങ്ങൾ നടത്തി. ഇരുളിന്റെ മറവിൽ പുതിയ ഇരകളെ വേട്ടയാടാനായി പതിയിരിക്കുമ്പോൾ നിശ്ശബ്ദതയുടെ ഏകാന്തതയുടെ പുതിയ ലോകത്തേക്ക് അവനും പോയിരിക്കുന്നു. ചങ്ങലകളാൽ ബന്ധിതമായ അവന്റെ കാലുകൾ ചലിക്കുന്നുണ്ടായിരിക്കാം പക്ഷേ മരവിച്ചു പോയ മനസ്സും കണ്ണുനീർ വറ്റിയ മിഴികളും പുതിയ പ്രഭാതങ്ങൾ കാണുന്നുണ്ടായിരുന്നില്ല.

ഭാരമേറിയ ചങ്ങലകൾ വലിച്ചിഴച്ച് ഭ്രാന്തിന്റെ പുതിയ ലോകത്തേക്കവൻ യാത്രയായപ്പോൾ ഇനിയും ചോദിക്കാൻ മറക്കാതിരിക്കട്ടെ. ലോകമേ എന്തിന് നീയിവരെ സൃഷ്ടിച്ചു. എച്ചിൽ പാത്രങ്ങൾ തേടി വീണ്ടും അവൻ മുമ്പോട്ട് നടന്നു ഒപ്പം ആരുടേയോ കണ്ണുനീർ ഓർത്തെന്നപോലെ മേഘം ഇരുണ്ടു കൂടുവാനാരംഭിച്ചിരിക്കുന്നു.